ന്യൂഡല്‍ഹി: ഇരുപതു ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ (ഇ20) ഉപയോഗം വാഹനങ്ങളുടെ ഇന്ധനക്ഷമത കുറയ്ക്കുമെന്ന് വാഹന നിര്‍മാതാക്കളും സര്‍ക്കാരും സമ്മതിച്ചു. ഇതോടൊപ്പം 2023 ഏപ്രിലിനു മുമ്പ് രാജ്യത്തു നിര്‍മിച്ച വാഹനങ്ങളില്‍ എഥനോളിന്റെ ദീര്‍ഘകാല ഉപയോഗം റബര്‍, പ്ലാസ്റ്റിക് ദ്രവിക്കല് (ഡീഗ്രേഡേഷന്) അടക്കമുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകും.
രാജ്യത്താകെ ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ എഥനോള്‍ മിശ്രിതം 25 ശതമാനമായി കൂട്ടിയുള്ള ഇ25 പെട്രോള്‍ വിതരണം തത്കാലം നീട്ടിവയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ഇ25 പെട്രോള്‍ പൊതുവിപണിയില്‍ ലഭ്യമാകുന്നതിന് സമയമെടുക്കുമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. ഇ25 പെട്രോള്‍ പരീക്ഷണഘട്ടത്തിലാണെന്നും ഇത് ഉടന്‍ രാജ്യത്തു നിര്‍ബന്ധമാക്കുമെന്ന പ്രചാരണങ്ങള്‍ തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
2023 ഏപ്രില്‍ മുതല്‍ ഇ15 പെട്രോളും 2024 ഏപ്രില്‍ മുതല്‍ ഇ19 പെട്രോളും രാജ്യത്ത് ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ 20 ലക്ഷം നാലുചക്ര വാഹനങ്ങളും 20 കോടി ഇരുചക്ര വാഹനങ്ങളും ഇ20 ഇന്ധനം ഉപയോഗിച്ചു നിരത്തിലുണ്ട്. വാഹനനിര്മതാക്കളും സര്‍വീസ് സെന്ററുകളും ഇക്കാര്യത്തില്‍ യാതൊരു ബുദ്ധിമുട്ടുകളുമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പുരി അവകാശപ്പെട്ടു.
പെട്രോളില്‍ 85 ശതമാനം എഥനോള്‍ കലര്‍ത്തിയ ഇ85 ലഭ്യമാകുന്നതിന് കൂടുതല്‍ സമയമെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇ85 വിതരണത്തിനായി പുതിയ പെട്രോള്‍ പമ്പുകള്‍ രാജ്യത്താകെ സജ്ജീകരിക്കേണ്ടതുണ്ടെന്നും പുരി വിശദീകരിച്ചു.
2023 ഏപ്രിലിനുശേഷം നിര്‍മിക്കുന്ന വാഹനങ്ങള്‍ ഇ20 പെട്രോള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മാരുതി, ഹോണ്ട, ഹീറോ തുടങ്ങിയ വാഹനനിര്‍മാതാക്കള്‍ അറിയിച്ചു.
ഇ20 പെട്രോളിന്റെ ഉപയോഗം കാറുകളുടെ മൈലേജില്‍ മൂന്നുമുതല്‍ 12 ശതമാനം വരെ മാത്രം കുറവുണ്ടാക്കുമെന്നാണ് കാര്‍ നിര്‍മാണ കമ്പനികള്‍ അവകാശപ്പെടുന്നത്. എന്നാല്‍, മൈലേജില്‍ ഇതിലേറെ കുറവുണ്ടെന്നാണ് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിനെത്തിയ വാഹന ഉടമകള്‍ പറഞ്ഞത്. സമൂഹമാധ്യമങ്ങളിലെ പ്രതിഷേധങ്ങള്‍ക്കു പുറമെയാണ് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ വാഹന ഉടമകള്‍ പ്രതിഷേധിച്ചത്.